ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സൂത്രധാരനായ അധ്യാപകൻ അറസ്റ്റിൽ. കെമിസ്ട്രി അധ്യാപകനായ പിവി. കുൽക്കണിയെ പൂണെയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് ഇയാൾ.
പൂണെയിലെ തന്റെ വസതിയിൽ ഏപ്രിൽ അവസാനത്തോടെ കുൽക്കർണി പ്രത്യേക കോച്ചിങ് ക്ളാസുകൾ നടത്തിയിരുന്നതായി സിബിഐ പ്രസ്താവനയിൽ പറഞ്ഞു. മറ്റു പ്രതികളുടെ സഹായത്തോടെ ആയിരുന്നു ക്ളാസ്/ ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും കുൽക്കർണി പറഞ്ഞുകൊടുത്തു.
വിദ്യാർഥികൾ തങ്ങളുടെ നോട്ട് ബുക്കിൽ ഇവ എഴുതിയെടുത്തു. ഈ ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നവയാണെന്നും സിബിഐ പറഞ്ഞു. മേയ് മൂന്നിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നതിനെ തുടർന്ന് മേയ് 12ന് പരീക്ഷ റദ്ദാക്കി. മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന ഈ പരീക്ഷയിൽ ആകെ 22.79 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.
നാസിക് സ്വദേശി ശുഭം ഖൈർനാർ, ജയ്പുർ സ്വദേശികളായ മൻഗിലാൽ ബിവാൽ, സഹോദരനും യുവമോർച്ച നേതാവുമായ ദിനേഷ് ബിവാൽ, മൻഗിലാലിന്റെ മകൻ വികാസ് ബിവാൽ, ഗുരുഗ്രാം സ്വദേശി യഷ് യാദവ് എന്നിവരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഡൽഹിയിലെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.
Most Read| അമേരിക്കയെ വിശ്വാസമില്ല, ഗൗരവത്തോടെ സമീപിച്ചാൽ മാത്രം ചർച്ച; ഇറാൻ



































