തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. പികെ. കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയും എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോൺഗ്രസിന് 11 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും. അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ. ജനീഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. അപു ജോസഫ് ചീഫ് വിപ്പാകും.
മന്ത്രിമാർ/ വകുപ്പുകൾ
- വിഡി. സതീശൻ- ധനം, തുറമുഖം, നിയമം
- രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്
- സണ്ണി ജോസഫ്- റവന്യൂ
- എപി. അനിൽകുമാർ- ആരോഗ്യം
- കെ. മുരളീധരൻ- വൈദ്യുതി
- പിസി. വിഷ്ണുനാഥ്- ടൂറിസം, സംസ്കാരികം
- ടി.സിദ്ദിഖ്- വനം
- ബിന്ദു കൃഷ്ണ- വനിത, ശിശുക്ഷേമ വകുപ്പ്
- ഒജെ. ജനീഷ്- യുവജനക്ഷേമം
- എം. ലിജു- എക്സൈസ്, സഹകരണം
- റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം
- കെഎ. തുളസി, ഐസി. ബാലകൃഷ്ണൻ (ടേം വ്യവസ്ഥ)- എസ്സി, എസ്ടി
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉള്ളത്. സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. ഇത്തവണ ടേം വ്യവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. ഏത് മന്ത്രിയാണ് മാറുന്നതെന്ന് രണ്ടര വർഷത്തിന് ശേഷം തീരുമാനിക്കുമെന്നും ശിഹാബ് തങ്ങൾ പറഞ്ഞു. പികെ. കുഞ്ഞാലിക്കുട്ടി, പികെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെഎം. ഷാജി, വിഇ. അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.
Most Read| വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു


































