കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. കേസ് നീട്ടികൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം തടഞ്ഞ കോടതി, മുഴുവൻ പ്രതികളെയും ഉടൻ റിമാൻഡ് ചെയ്യാൻ ഉത്തരവിറക്കി. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പടെ 17 പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.
2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്‌ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. അക്രമം തടയാൻ ശ്രമിക്കവേ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു.
ആകാശ് തില്ലങ്കേരി, രജിൽ രാജ്, എ. ജിതിൻ, സിഎസ്. ദീപ്‌ചന്ദ്, ടികെ.അസ്‌കർ എന്നിവരാണ് ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. കെ. ബൈജു, പിപി. അൻവർ സാദത്ത്, കെ. സഞ്‌ജയ്, കെ.രജത്, കെവി. സംഗീത്, പികെ. അഭിനാഷ്, സി. നിജിൽ, കെപി.പ്രശാന്ത്, എപി. സനീഷ്, എകെ. സുബീൻ, വി. പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഈമാസം 18 മുതൽ കേസിൽ വിചാരണ ആരംഭിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ ഷുഹൈബിന്റെ സുഹൃത്തുക്കളായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്‌താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. എന്നാൽ, പ്രതികളുടെ അഭിഭാഷകൻ ക്രോസ് വിസ്‌താരത്തിന് തയ്യാറായില്ല. ഇന്ന് കോടതിയിൽ ഹാജരായ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്‌താരം നടത്തുന്നില്ലെന്ന് കോടതിയെ അറിയിച്ചു.
കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്‌താരം നടത്തുന്നതിൽ നിന്ന് അഭിഭാഷകർ വിട്ടുനിന്നത്. ഇതോടെ കേസ് അനന്തമായി നീട്ടികൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു.
പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പടെ അലംഭാവം കാണിച്ചു ഏറെ വിവാദം സൃഷ്‌ടിച്ച കേസാണിത്. എട്ടുവർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ വഴിവിട്ട നീക്കം നടത്തിയതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി




































