ന്യൂഡെൽഹി: സിദ്ധരാമയ്യ ഒഴിയുന്നപക്ഷം കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അടുത്തയാഴ്ച ആയിരിക്കും ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ.
നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡികെ. ശിവകുമാർ. സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹൈക്കമാൻഡ് ശിവകുമാറിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ, ഡികെ. ശിവകുമാർ എന്നിവരുമായി ഹൈക്കമാൻഡ് ആറുമണിക്കൂർ പ്രത്യേക ചർച്ച നടത്തിയിരുന്നു. കർണാടകയിലെ മുഖ്യമന്ത്രി തർക്കത്തിൽ മാരത്തൺ ചർച്ചയാണ് എഐസിസി ആസ്ഥാനത്ത് നടന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയും ഡികെയുമായും ഒന്നിച്ചും ഒറ്റയ്ക്കും ചർച്ചകൾ നടത്തിയിരുന്നു.
മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മാറ്റം കർണാടക രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ വ്യവസ്ഥ മാനിച്ചാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടരവർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ.
പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരാൻ സാധ്യതയുണ്ട്. ഡികെ. ശിവകുമാർ നാളെ പുലർച്ചെ തന്നെ ബെംഗളൂരുവിലെത്തും. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും ബെംഗളൂരുവിലെത്തും.
അതേസമയം, സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ ക്യാമ്പ് സമ്മർദ്ദ തന്ത്രങ്ങളും വിലപേശലുകളും ശക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിന് മുൻപ് സിദ്ധരാമയ്യ തന്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡ് മുന്നോട്ടുവെച്ച ഫോർമുല അനുസരിച്ച് സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു







































