കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. മോഷ്‌ടാവ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഗർഭിണിയായ യുവതിയെ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്. സൗത്ത് 24 പർഗനാസിലെ കുൽതാലിയിൽ ജൂൺ ഒമ്പതിനാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരടക്കം അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുൽതാലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പ്രാദേശിക മാർക്കറ്റിലാണ് ദാരുണമായ സംഭവം നടന്നത്. കേരളത്തിൽ ജോലി ചെയ്‌തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്‌ച മുമ്പാണ് യുവാവ് കുൽതാലിയിൽ എത്തിയത്.
പരിചിതമല്ലാത്ത സ്‌ഥലത്ത് സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തു. എന്നാൽ, ബംഗാളി ഭാഷ അറിയാത്തതിനാലും ഭാഷാപരമായ തടസങ്ങൾ ഉള്ളതിനാലും താൻ ആരാണെന്നോ എന്തിനാണ് അവിടെ വന്നതെന്നോ കൃത്യമായി വിശദീകരിക്കാൻ യുവാവിന് സാധിച്ചില്ല.
ഇതോടെ ഇയാൾ കള്ളനാണെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ബരുയിപ്പൂർ സബ് ഡിവിഷനിൽ നിന്നുള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. അതേസമയം, ഇയാൾ ഒരു ഗർഭിണിയെ ശല്യം ചെയ്‌തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്ന ആരോപണവും ചില ഗ്രാമീണർ ഉന്നയിക്കുന്നുണ്ട്.
വിവരമറിഞ്ഞു കുൽതാലി പോലീസ് സ്‌ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളെ കണ്ടെത്താനും യുവാവിന്റെ കൃത്യമായ ഐഡന്റിറ്റി സ്‌ഥിരീകരിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































