ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2390 രൂപയായി. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഈവർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. യുഎസ്-ഇറാൻ ആക്രമണത്തെ തുടർന്നാണ് എണ്ണക്കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ വൻ വർധന വരുത്തിയത്. ക്രൂഡോയിൽ വില വർധിച്ചതോടെയാണ് വില കൂട്ടിയത്. ഇതിൽ വാണിജ്യ പാചകവാതക സിലിണ്ടറിനാണ് ഏറ്റവും കൂടുതൽ വില കൂട്ടിയത്.
ഇതോടെ ഹോട്ടൽ/ റെസ്‌റ്റോറന്റ് മേഖല വൻ പ്രതിസന്ധിയിലായി. മിക്ക ഹോട്ടലുകളും അടച്ചിടേണ്ട അവസ്‌ഥയിലുമെത്തി. സിലിണ്ടറുകളുടെ വിലയിൽ കുറച്ച് മാസങ്ങളായി ആയിരത്തോളം രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിൽ ഒരു അംശം മാത്രമാണ് ഇപ്പോൾ കുറച്ചത്. ഇത് ഹോട്ടൽ മേഖലയ്‌ക്ക് നേരിയ ആശ്വാസം മാത്രമേ നൽകൂ.
പെട്രോൾ, ഡീസൽ വില കുറച്ച് നയാര
ഇന്ധനവില കുറച്ച് നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നുരൂപയുമാണ് കുറച്ചത്. പശ്‌ചിമേഷ്യയിലെ പ്രതിസന്ധിക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിസന്ധിയിൽ അയവ് വന്നതോടെയാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്‌ക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































