തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിനാണ് അതൃപ്‌തി.
സർക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കരാറിലെ വ്യവസ്‌ഥകളും മറ്റു നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്‌ഥാന സർക്കാരിനെ അറിയിക്കുകയോ സർക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനം ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അതൃപ്‌തി അദാനി മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സംസ്‌ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്‌ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാർഥ്യമായത്. സംസ്‌ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ മൽസരക്ഷമമായ ട്രാൻസ്‌ഷിപ്മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
സംസ്‌ഥാന സർക്കാരിനെ അറിയിക്കാതെ ജൂൺ 29ന് അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി കരാറിൽ ഏർപ്പെട്ടുവെന്നും സർക്കാർ ഇത് അംഗീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്‌തി അറിയിച്ചത്.
Most Read| മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ





































