തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം വിവാദമായതിന് പിന്നാലെ അദാനി പോർട്‌സ് സർക്കാരിന് അപേക്ഷ പുതുക്കി നൽകി. എംഎസ്‌സിയുമായി ഓഹരി കൈമാറ്റത്തിനുള്ള പ്രാഥമിക കരാർ മാത്രമാണ് തയ്യാറായിട്ടുള്ളതെന്നും അന്തിമകരാർ എടുത്തിട്ടില്ലെന്നുമാണ് പുതുക്കിയ അപേക്ഷയിൽ അദാനി ഗ്രൂപ്പിന്റെ നിലപാട്.
ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത്ത് എംഎസ്‌സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് ഇവർ വ്യക്‌തമാക്കുന്നത്. സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടുകയുള്ളൂവെന്നും അദാനി സർക്കാരിന്റെ അറിയിച്ചു. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറിയെന്ന് വിമർശനം വന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് അപേക്ഷ പുതുക്കി നൽകിയത്.
അതേസമയം, ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി ഇടപാട് നടക്കുകയുള്ളൂവെന്ന് അദാനി പോർട്‌സ് സിഇഒ അശ്വിനി ഗുപ്‌ത പറഞ്ഞു. എല്ലാ അനുമതികളും നേരിടുന്നതിനുള്ള പ്രക്രിയയുടെ തുടക്കം മാത്രമായാണ് എംഎസ്‌സിയുമായി ബൈൻഡിങ് കരാർ ഒപ്പിടുന്നത്. ഓഹരി ഇടപാടിന് ശേഷവും തുറമുഖത്തിന്റെ നിയന്ത്രണം അദാനിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പഠിക്കാൻ സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന. മൾട്ടിപ്പിൾ ഓപ്പറേറ്റർ തുറമുഖമായ വിഴിഞ്ഞം, സ്വകാര്യ കമ്പനിക്ക് നടത്തിപ്പവകാശമുള്ള പബ്ളിക് ഇൻഫ്രാസ്‌ട്രക്‌ചർ ആണ്. അതികൊണ്ടുതന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസരസമത്വം ഉണ്ടാകണമെന്നാണ് കരാർ വ്യവസ്‌ഥ.
മുൻകൂർ അനുമതിയില്ലാതെ കരാർ ഉണ്ടാക്കിയതിൽ സർക്കാർ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടും. സംസ്‌ഥാന സർക്കാരിനെ അറിയിക്കുകയോ സർക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനം ഉണ്ടായത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































