കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ. പെരുമ്പാവൂർ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തല മുണ്ഡനം ചെയ്തതായാണ് പരാതി. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇവരെ വിവസ്ത്രരാക്കി മർദ്ദിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. മഞ്ഞപ്പെട്ടി സ്വദേശികളായ അൽഫാസ്, ഗോകുൽ, ആൽബിൻ എന്നീ യുവാക്കളെയാണ് ആറുപേർ ചേർന്ന് തടഞ്ഞുനിർത്തി ആക്രമിച്ചത്. പ്രദേശത്തെ സോഡാ നിർമാണ സ്ഥാപനത്തിൽ ജോലി തേടി എത്തിയതായിരുന്നു യുവാക്കൾ.
സ്ഥലത്ത് എത്തിയപ്പോൾ ഏതാനും പേർ വന്ന് തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇവർ കഞ്ചാവ് വിൽപ്പനക്കായി വന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ശേഷം ട്രിമ്മർ ഉപയോഗിച്ച് ബലമായി പിടിച്ചുവച്ചു തലമുണ്ഡനം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രരാക്കി മർദ്ദിച്ചതായും ഇവർ പറയുന്നു.
പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ട ശേഷം ബന്ധുക്കൾക്കൊപ്പം എത്തിയാണ് യുവാക്കൾ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കൾ സ്ഥലത്ത് എന്തിന് എത്തിയതെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം





































