ചെന്നൈ: വിജയ് ചിത്രം ജനനായകന് ഒടുവിൽ പ്രദർശനാനുമതി. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകി. ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ അവസാനത്തോടെ പ്രദർശനത്തിനെത്തും.
സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ചിത്രത്തിന്റെ റൺടൈം 183 മിനിറ്റായി (3 മണിക്കൂർ 3 മിനിറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിനിമയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെ തുടർന്നാണ് സിനിമ നിയമക്കുരുക്കിലായത്. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഇത്.
തുടർന്ന് സിനിമ റിവിഷൻ കമ്മിറ്റിയുടെ പുനഃപരിശോധനക്ക് വിടുകയായിരുന്നു. ഇതോടെയാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏഴ് മാസം ചിത്രം വലിയ നിയമപോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. എന്നാൽ, കാര്യമായ ആശ്വാസം ലഭിച്ചില്ല.
ഇതിനിടെ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറ പ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ്യുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ജനനായകൻ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യം ചിത്രം കൂടിയാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































