കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഹിമാചൽ പ്രദേശ് സ്വദേശിയായ കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളിൽ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതൽ പരിശോധന നടത്തുക. ഏറ്റവും കൂടുതൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്.
ദുരന്തത്തിൽ ഏഴുപേരുടെ മരണമാണ് ഇതുവരെ സ്‌ഥിരീകരിച്ചത്. മരിച്ച എല്ലാവരും തുരങ്ക നിർമാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിലെ തൊഴിലാളികളാണ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു.
സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 49 കുടുംബങ്ങളിലെ 132 പേർ ക്യാമ്പിൽ തുടരുകയാണ്. മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. അപകടം നടന്ന മീനാക്ഷി പാലത്തിൽ കയർകെട്ടി പോലീസ്, വാഹനങ്ങൾക്കും വ്യക്‌തികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക വാസികളെയും തിരച്ചിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും മാത്രമേ പാലത്തിന് അകക്കരെ കടത്തിവിടുന്നുള്ളൂ. ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി ബസുകളും പാലം കടത്തിവിടുന്നില്ല. ബസിലെത്തുന്നവരെ താഞ്ഞിലോട് മുസ്‌ലിം പള്ളിക്ക് സമീപം ആളെ ഇറക്കിയാൽ ജീപ്പിൽ പാലത്തിന്റെ മറുകരയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































