കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കൊങ്കൺ റെയിൽവേയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.
ഇന്നലെ മൃതദേഹങ്ങൾ കണ്ടെടുത്ത ഭാഗങ്ങളിലായിരിക്കും ഇന്നും പരിശോധന. നാല് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ പ്രത്യേക പരിശോധന നടക്കുന്നുണ്ട്. കഡാവർ നായ്ക്കളും തിരച്ചിലിനൊപ്പമുണ്ട്. മേഖലയിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലത്തെ പരിശോധനയിൽ ഒന്നാമത്തെ സോണിൽ നിന്ന് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപ്പറേറ്റർ) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനിയർ രാഹുൽ ശർമയുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ ബസ് കിടന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
മൂന്നാമതായി പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരിയുടെ (സർവേയർ) മൃതദേഹവും കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സർക്കാർ വസ്തുതാ റിപ്പോർട് ഹാജരാക്കും അമിക്കസ് ക്യൂറിയും കോടതിയിൽ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവർത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. വയനാട്ടിലെ പ്രകൃതിദുരന്തങ്ങളിൽ സ്വമേധയാ എടുത്ത കേസ് പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.
അതിനിടെ, വയനാട് തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തുരങ്കപാത വിദഗ്ധർ, പ്രമുഖ ജിയോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും സുരക്ഷിതത്വവും വിശദമായി പഠിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പദ്ധതിയുടെ ഭാവി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































