ബെർലിൻ: ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് മരിച്ച മലയാളികളായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി നോർക്ക അറിയിച്ചു. നാളെയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലായിരിക്കും എത്തിക്കുക. എയർ ഇന്ത്യ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും നടപടിക്രമങ്ങൾ പൂർത്തിയാകുക.
ജർമൻ പോലീസിൽ നിന്നും മരണ സർട്ടിഫിക്കറ്റ്, തീപിടിത്തത്തിൽ പുക ശ്വസിച്ചതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നുമുള്ള രേഖകളും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള സിവിൽ രജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ലഭിച്ചു. മരിച്ചവരുടെ പാസ്പോർട്ടുകൾ ഇതുവരെ കണ്ടെത്താകാനാകാത്ത സാഹചര്യത്തിൽ, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖ അനുവദിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ എൻഒസി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകളും നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും ഏകോപിപ്പിക്കാനും ആവശ്യമായ മുഴുവൻ ചെലവുകൾ വഹിക്കാനും നോർക്ക റൂട്ട്സിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
അതേസമയം, തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ ഉടമ, ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്ന് പോലീസ് കണ്ടെത്തി. വർഷങ്ങളായി ഇന്ത്യൻ ഷോപ്പ് നടത്തിവരുന്ന റുമേനിയൻ പൗരനുമായി ഈ വ്യവസായി നിരന്തരം കലഹത്തിലായിരുന്നു. മുറികൾ നന്നാക്കണമെന്ന ആവശ്യമായിരുന്നു വഴക്കിന് കാരണം. അനധികൃതമായാണ് കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നത്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































