ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക് ചെയ്യുന്നതിനായി പോലീസിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ച റാലിക്ക് പോലീസ് അനുമതി ലഭിച്ചതോടെ പാർട്ടി പ്രവർത്തകർ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിന് പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിൽ ഒന്നാണ് രാംലീല മൈതാനം.
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് അന്നേദിവസം മൈതാനത്ത് മറ്റുപരിപാടികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് അനുമതിക്കായി പോലീസിനെ സമീപിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് രാജ്ബീർ സിങ് വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഡെൽഹി പോലീസ് നിരാപേക്ഷ പത്രം (എൻഒസി) അനുവദിച്ചതെന്നും കമ്മീഷണർ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുക, ജനാധിപത്യ സംരക്ഷണ മാർച്ചുകൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് കമ്മീഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ശക്തമാക്കിയത്.
പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ മുന്നണി ഡെൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, നവരാത്രി ആഘോഷം നടക്കുന്നതിനാൽ ഇന്ത്യ സഖ്യം താൽക്കാലിമായി പ്രതിഷേധങ്ങളിൽ നിന്ന് പിൻമാറിയിട്ടുണ്ട്. എന്നാൽ, ഗ്യാനേഷ് കുമാറിന്റെ രാജിവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































