മലപ്പുറം: വൈദ്യുതി ലൈനിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കുട്ടിയുടെ പിതാവിനെ മന്ത്രി നേരിട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു അപകടം.
വയലിൽ മീൻപിടിക്കാൻ പോയതായിരുന്നു ജുനൈദ്. ഇതിനിടെ പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. സ്റ്റേ കമ്പിയുടെ ഒരുഭാഗം ഹൈ വോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന നിലയിൽ ആയിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ ഇടപെട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തിൽ 14കാരന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ജില്ലാ കലക്ടർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































