വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോൾ താൻ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആകുമെന്ന കാര്യം ഉറപ്പാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. “ഞങ്ങൾ വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാൽ അത് എന്റെയോ ഞങ്ങളുടെതോ മാത്രം വിജയമായിരിക്കില്ല, അമേരിക്കൻ ജനതയുടെ വിജയമായിരിക്കും, നമ്മുടെ ജനാതിപത്യത്തിന്റെ വിജയമായിരിക്കും” ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
പാരീസ് ഉടമ്പടി കരാറിൽ യുഎസ് വീണ്ടും ചേരുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിൻമാറിയത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ബൈഡന്റെ ട്വീറ്റ്. 77 ദിവസത്തിനുശേഷം ബൈഡൻ ഭരണകൂടം വീണ്ടും ഉടമ്പടിയിൽ ചേരുമെന്ന് ബൈഡൻ ട്വീറ്റിലൂടെ വ്യക്തമാക്കി.
കേവല ഭൂരിപക്ഷത്തിലേക്ക് ബൈഡൻ അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. ഭൂരിപക്ഷം നേടാൻ ബൈഡന് 6 സീറ്റുകൾ കൂടി മതിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നൊവാഡ കൂടി പിടിച്ചാൽ ബൈഡന് അമേരിക്കൻ പ്രസിഡണ്ട് ആകാനുള്ള കേവല ഭൂരിപക്ഷം ലഭിക്കും.
അതേസമയം മൂന്ന് സ്റ്റേറ്റുകളിലെ ബൈഡന്റെ വിജയത്തിനെതിരെ ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റേറ്റുകളിലെ ലീഡ് നില അപ്രതീക്ഷിതമായി മാറിയത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്.
Read also: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അന്വേഷണം വേണം; എന്‍ഫോഴ്സ്മെന്റിന് പരാതി നല്കി