ആലപ്പുഴ: കൃഷിവകുപ്പ് മുൻ ഡയറക്ടറും പ്രമുഖ കാർഷിക മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയിൽ മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ 5 മണിക്ക് നടക്കും.
അര നൂറ്റാണ്ടിലേറെ കാലം കേരളത്തിൽ കൃഷിയുടെ പര്യായമായി അറിയപ്പെട്ട വ്യക്തിയായിരുന്നു ഹേലി. കൃഷിവകുപ്പിൽ സാധാരണ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച് 1989ൽ കൃഷി വകുപ്പ് ഡയറക്ടറായാണ് ഇദ്ദേഹം വിരമിക്കുന്നത്. ഫാം ജേണലിസത്തിന്റെ ഉപജ്ഞാതാവായ ഹേലി കൃഷി ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൃഷിവകുപ്പിന്റെ മുഖപത്രമായ കേരള കർഷകന്റെ ഉളളടക്കത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ആകാശവാണിയിലും ദൂരദർശനിലും നിരവധി പരിപാടികൾ അവതരിപ്പിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻ പുറം പരിപാടികൾ ജനങ്ങൾക്ക് സുപരിചിതമാണ്.
Also Read: സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ
കാർഷിക നയരൂപീകരണ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം. ഫാം ഇൻഫർമേഷന്‍ ബ്യൂറോ തുടങ്ങുന്നതും ഹേലിക്കു കീഴിലാണ്. കാർഷിക നയങ്ങൾ രൂപീകരിക്കുന്നതിലും സംഭാവനകൾ നൽകിയിട്ടുണ്ട്.
ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനായി യിരുന്ന പിഎം രാമന്റെയും ഭാരതിയുടെയും മകനാണ് ഹേലി. ഡോ.സുശീലയാണ് ഭാര്യ, മകൻ-പ്രശാന്ത്, മകൾ-ഡോ.പൂർണിമ.

































