ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചുചേർത്ത അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് ബാധ ഉയരുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി. ഡെൽഹിയിൽ 2,790 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 6,65,220 ആയി.
വ്യാഴാഴ്ചത്തെ കണക്കുകൾ കൂടി ചേർത്തതോടെ, രാജ്യതലസ്ഥാനത്തെ സജീവ കേസുകൾ 10,000 കടന്നു. 1,121 പേർക്കാണ് രോഗം ഭേദമായത്. മരണസംഖ്യ 11,036 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് പുതിയ മരണങ്ങളാണ് റിപ്പോർട് ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി 1,500ൽ അധികം കേസുകൾ റിപ്പോർട് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടാവുമെന്ന വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് കൂടുതൽ കരുതലും നിയന്ത്രണങ്ങളും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർക്കുന്നത്.
Read Also: മമത ബാനർജിക്ക് എതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്