ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും; വീണാ ജോര്‍ജ്

By Desk Reporter, Malabar News
A special plan will be implemented to make hospitals carbon neutral; Veena George

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികളെ ദുരന്തങ്ങൾ നേരിടാന്‍ പ്രത്യേക സജ്‌ജമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഏപ്രില്‍ 7 ലോകാരോഗ്യ ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവന്‍ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപ്പെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വെക്കുന്നത്.

മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി അനിവാര്യമാണ്. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശ രോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വർധിക്കുമെന്നുള്ളത് ശാസ്‌ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമായ പാരിസ്‌ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്‌ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വർധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തില്‍ ഒഴിവാക്കുവാന്‍ കഴിയുന്ന പാരിസ്‌ഥിതിക പ്രശ്‌നങ്ങളാണ്.

ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലാവസ്‌ഥാ വ്യതിയാനം കൊണ്ട് മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ വകുപ്പിന്റെയും കാഴ്‌ചപ്പാടും പ്രശ്‌ന പരിഹാരത്തിനുള്ള പ്രതിവിധികള്‍ ആവിഷ്‌ക്കരിക്കുന്നതും ഉദ്ദേശിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

Most Read:  സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE