കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി ജസ്‌റ്റിസ് കൗസര്‍ ഇടപ്പഗം പിൻമാറി. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്‌ജി ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിൻമാറിയത്.
കേസ് ജില്ലാ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. അന്ന് സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്‌തിയാണ് ജസ്‌റ്റിസ് കൗസര്‍ ഇടപ്പഗം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ ആവശ്യം.
നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഭരണമുന്നണിയിലെ രാഷ്‌ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിജീവിത ഹരജിയിൽ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്‌ട്രീയ സ്വാധീനം ഉള്ള വ്യക്‌തിയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ട്. അന്തിമ റിപ്പോർട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു എന്നും ഹരജിയിൽ ആരോപിക്കുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടി. ഈ പശ്‌ചാത്തലത്തിലാണ് കോടതി ഇടപെടല്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
Most Read: ശമ്പളമില്ല; മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്