വാഷിംഗ്‌ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അഭയാർഥികളായ ഒരു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അമേരിക്ക. കൂടാതെ യുദ്ധക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്‌ട്ര സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്‌തമാക്കിയത്.
അതേസമയം തന്നെ കഴിഞ്ഞ മാർച്ച് 11ആം തീയതി ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യുക്രൈനിൽ നിന്നും അഭയാർഥികളെ തങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി. വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങളാണ് പങ്കുവച്ചത്.
നിലവിൽ റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശം ഒരു മാസം പിന്നിടുകയാണ്. ഇതിനോടകം തന്നെ ഒരു കോടിയോളം ആളുകൾ യുക്രൈനിൽ നിന്നും പലായനം ചെയ്‌തതായാണ് റിപ്പോർട്. കൂടാതെ റഷ്യ ഷെല്ലാക്രമണം ശക്‌തമാക്കിയ മരിയുപോളിൽ മാത്രം ഇതുവരെ 2,300ഓളം ആളുകൾ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ തകർന്ന നിലയിലാണ്. പക്ഷേ റഷ്യ ഇപ്പോഴും അവിടെ ആക്രമണം തുടരുകയാണ്. മരുന്നും ഭക്ഷണവും ഇല്ലാതെ ഒരു ലക്ഷത്തിൽ അധികം ആളുകളാണ് അവിടെ കുടുങ്ങി കിടക്കുന്നുണ്ട്.
Read also: സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്ക് അവധി