തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ ദേശീയ പൊതുപണിമുടക്കും കാരണമാണ് അടുത്ത നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്‌ഥാനത്ത് പണിമുടക്കിൽ പങ്കുചേരുന്നുണ്ട്.
ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്‌ഥാനത്തെ ഭൂരിഭാഗം ബാങ്ക് ജീവനക്കാരും ഈ സംഘടനകളിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീൺ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസപ്പെടും.
എന്നാൽ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാൻ സാധ്യതയില്ല. മാർച്ച് 28ആം തീയതി രാവിലെ 6 മണി മുതൽ മാർച്ച് 30ആം തീയതി രാവിലെ 6 മണി വരെയാണ് പണിമുടക്ക് നടക്കുക. ദേശീയതലത്തിൽ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകും. അതേസമയം കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ പണിമുടക്കിൽ അണിനിരക്കുമെന്നാണ് സംയുക്‌ത സമരസമിതി നേതാക്കൾ വ്യക്‌തമാക്കുന്നത്.
Read also: തൃശൂരിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേൽപിച്ചു