തൃശൂർ: വേലൂരിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇടതുപക്ഷ സ്‌ഥാനാർഥിയായി മൽസരിക്കുന്ന ജോസഫ് അറക്കലിന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാപാരി കൂടിയായ ജോസഫിനെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഇദ്ദേഹത്തിന്റെ മെഡിക്കൽ ഷോപ്പിനു മുന്നിൽവച്ച് രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ജോസഫിന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാൽ തീർത്തും വ്യക്‌തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസ് പാർട്ടിക്ക് ബന്ധമില്ല, സിപിഎം രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യുഡിഎഫ് വേലൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സുരേഷ് മമ്പറമ്പിൽ പറഞ്ഞു.
അതേസമയം, തനിക്ക് ഭീഷണിയുണ്ടെന്നു കാണിച്ചു ജോസഫ് കഴിഞ്ഞ ദിവസം എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ആക്രമണത്തിൽ ബെന്നി, സഹോദരൻ ബാബുരാജ് എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പോലീസ് വ്യക്‌തമാക്കി.
Malabar News: ശമ്പളം മുടങ്ങി; മെഡിക്കൽ കോളേജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്