പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയിരിക്കുന്നത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ സമയം അനുവദിച്ചുകൊണ്ടാണ് കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ സ്‌പെഷ്യൽ കോടതി വിചാരണ നീട്ടിയത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികൾ മാറ്റിവെക്കുന്നത്.
സെപ്‌റ്റംബറിലാണ് വിചാരണ തുടങ്ങിയത്. മധു കേസിനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി വിടി രഘുനാഥിനെ 2019 ഓഗസ്‌റ്റിൽ സർക്കാർ നിയമിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോവുകയായിരുന്നു. നാല് വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ തുടങ്ങാത്തതിനെതിരെ മധുവിന്റെ കുടുംബം രംഗത്തെത്തി. മകന് നീതി ലഭിക്കുമെന്ന ഉറപ്പോടെ കോടതി വരാന്ത കയറിയിറങ്ങുകയാണ് മധുവിന്റെ അമ്മ മല്ലി. കേസിന് പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും ആരുമില്ലെന്നും വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള തങ്ങൾ എന്ത് ചെയ്യുമെന്നുമാണ് മല്ലി ചോദിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. ലോകമനസാക്ഷിക്ക് മുന്നിൽ മലയാളികൾ ഒട്ടാകെ തലകുനിച്ച സംഭവം ഇന്നും ആരും മറക്കാനിടയില്ല. ചിണ്ടക്കിയൂർ നിവാസിയായ 27കാരൻ മധുവിനെ മുക്കാലിയിലെ ചില കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം പിടികൂടുന്നത്. മനോദൗർബല്യത്തെ തുടർന്ന് വീട്ടിൽ നിന്നു മാറി വനത്തിനുള്ളിലെ ഗുഹയിൽ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണ് സംഘം പിടികൂടിയത്.
തുടർന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകൾ ചേർത്തുകെട്ടി ചിണ്ടക്കിയൂരിൽ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. മധു താമസിച്ചിരുന്നിടത്തു നിന്നു കണ്ടെടുത്ത കുറച്ച് അരിയും കറിക്കൂട്ടുകളും അടങ്ങിയ ഒരു ചാക്കും ഒപ്പം തലയിലേറ്റിച്ചു. മുക്കാലിയിൽ എത്തിയപ്പോൾ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്‌തു. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും പ്രതികൾ പകർത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിലെ മധുവിന്റെ നിസഹായ നോട്ടം ഇന്നും നാടിനെ വേട്ടയാടുന്ന ഒന്നാണ്.
ശേഷം പോലീസിനെ വിവരമറിയിച്ചു. പോലീസ് ജീപ്പിൽ കൊണ്ടുപോകും വഴി മധു ഛർദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിറ്റേന്ന് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ശക്‌തമായ പ്രതിഷേധവും സമരവും ഉണ്ടായതോടെ എല്ലാ പ്രതികളെയും പിടികൂടി. രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കൾ അട്ടപ്പാടിയിലേക്ക് പാഞ്ഞെത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ളവർ മധുവിന്റെ വീടും സന്ദർശിച്ചിരുന്നു. പക്ഷേ, നാല് വർഷങ്ങൾക്കിപ്പുറവും പ്രതികളുടെ വിചാരണ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
Also Read: മോഫിയയുടെ ആത്‍മഹത്യ; സിഐ സുധീറിന് സസ്‍പെൻഷൻ