തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ പത്ത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംഎസ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയെയും അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പോലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്ന് നിക്ഷേപകർ പരാതിപ്പെട്ടിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി 150ഓളം പരാതികൾ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്‌തി പത്ത് കോടി കഴിഞ്ഞിട്ടും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ പോലീസ് തയാറായിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്‌തു. തിരുവിതാംകൂർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്ന് പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് സെപ്‌തംബറിൽ ഉത്തരവായിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ ഉത്തരവാദികളായ സെക്രട്ടറിയുൾപ്പടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. ഈ സ്വത്തുവകകൾ ജപ്‌തി ചെയ്‌ത് നഷ്‌ടമായ പണം തിരിച്ചുപിടിക്കുക എന്നതാണ് നടപടി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!