കോഴിക്കോട്: പേരാമ്പ്ര സീറ്റുമായി ബന്ധപ്പെട്ട് ലീഗിനെതിരെ വിമത നീക്കം. സീറ്റ് ലീഗിന് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർഥിയെ നിർത്തുമെന്ന് വിമത കോൺഗ്രസ് കൂട്ടായ്മ അംഗങ്ങൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തവണ യുഡിഎഫിൽ കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത സീറ്റായിരുന്നു പേരാമ്പ്രയിലേത്. കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക് പോയതോടെ ഒഴിവ് വന്ന സീറ്റ് ലീഗിന് നൽകുകയായിരുന്നു. തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസം ലീഗ് പേരാമ്പ്രയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നുമില്ല.
ഇതിലേക്ക് ആരെ പരിഗണിക്കമെന്ന ചർച്ച നടക്കുന്നതിനിടെയാണ് വിമതർ വാർത്താ സമ്മേളനം വിളിച്ച് രംഗത്തെത്തിയത്. ബഹുജന കൺവെൻഷൻ വിളിച്ച് ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ലീഗ് പേരാമ്പ്ര സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് കോൺഗ്രസ് സീറ്റ് കൈമാറിയതെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. പ്രതിഷേധം ലീഗിനോ കോൺഗ്രസിനോ എതിരല്ലെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Read Also: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം