ന്യൂഡെൽഹി: രാജ്യത്തെ വ്യത്യസ്‌ത വാക്‌സിൻ വിലയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്ന ഉൽപാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ കൈമാറാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
വാക്‌സിന്റെ വിലനിർണയം സംബന്ധിച്ച നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഡ്രഗ്‌സ് കൺട്രോളർ ആക്‌ട്, പേറ്റന്റ് ആക്‌ട് എന്നിവയുടെ അടിസ്‌ഥാനത്തിൽ വാക്‌സിൻ വില നിർണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ട്. ദേശീയ ദുരന്തമായി കോവിഡ് മഹാമാരി മാറുമ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോൾ ഇടപെടുമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. രാജ്യത്തിന് എത്ര വാക്‌സിൻ ആവശ്യമായി വരുമെന്ന് വ്യക്‌തമാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദേശീയ ദുരന്തം ഉണ്ടാകുമ്പോൾ മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ല. ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസ് വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
Read also: അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കും; കെജ്‌രിവാൾ