കൊയിലാണ്ടി: കോരപ്പുഴ മുതല്‍ വടകര സാൻഡ് ബാങ്ക്സ് വരെ നീളുന്നതും, കുഞ്ഞാലി മരക്കാർ നദീപാലം ഉള്‍പ്പെടുന്നതുമായ കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും, സ്‌ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡിലാണ് ധനാനുമതി ലഭിച്ചത്. മൂന്ന് റീച്ചുകളിലെ സ്‌ഥലമേറ്റെടുപ്പിനും നിര്‍മാണത്തിനുമാണ് തുക അനുവദിച്ചത്.
കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെ ആറ് റീച്ചുകളിലായി 33 കിലോമീറ്റര്‍ ദൈർഘ്യമാണ് മണ്ഡലത്തിൽ ഹൈവേക്കുള്ളത്. ഇതില്‍ കോരപ്പുഴ-കൊയിലാണ്ടി ഹാര്‍ബര്‍, മുത്തായം ബീച്ച്-കോടിക്കല്‍ ബീച്ച് എന്നീ രണ്ട് റീച്ചുകളിലെ സ്‌ഥലമേറ്റെടുപ്പിന് 15 കോടിയും, കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെയുള്ള റീച്ചിന്റെ നിര്‍മാണത്തിന് 34.33 കോടി രൂപക്കുമാണ് ധനാനുമതി ലഭിച്ചത്. കോടിക്കല്‍ മുതല്‍ കൊളാവിപ്പാലം വരെയുള്ള റീച്ചിനും കുഞ്ഞാലി മരക്കാര്‍ നദീപാലത്തിനും നേരെത്തെ ധനാനുമതി ലഭിച്ചിരുന്നു.
ഇതോടെ 10 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേയുടെ നിര്‍മാണത്തിനും കുഞ്ഞാലി മരക്കാര്‍ നദീപാലത്തിനും കൂടി ആകെ 149 കോടിയുടെ അനുമതിയാണ് ലഭിച്ചത്. കൂടാതെ 15 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 15 കോടി രൂപയും അനുമതിയായി. നിര്‍മാണ അനുമതി ലഭിച്ചിരിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലായിട്ടുണ്ട്.
കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പ്രത്യേകം നിയമിച്ച ലാൻഡ് അക്വിസിഷന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയില്‍ ഇരുഭാഗങ്ങളിലുമായി സൈക്കിള്‍ ട്രാക്ക് സഹിതമാണ് ഹൈവേ നിര്‍മിക്കുക.
Read Also: ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം