തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്‌റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്‌തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് നിർദ്ദേശം.
രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. വിഗ്രഹത്തിന് മുന്നിൽ നിന്നും പകരുന്ന അഗ്‌നി ഇത് ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ പകർന്ന ശേഷം പണ്ടാര അടുപ്പിൽ എത്തിക്കുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ക്ഷേത്ര മേൽശാന്തിയാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്‌തരും അടുപ്പുകളിൽ തീ കത്തിക്കും.
ഇതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം നടക്കുക. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമേ ഇക്കുറിയും പൊങ്കാലയുള്ളൂ. നേരത്തെ 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തിരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്‌റ്റ് വ്യക്‌തമാക്കി. ഇതോടെയാണ് ഇളവ് വേണ്ടെന്ന് തീരുമാനിച്ചത്.
Read Also: കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ