തിരുവനന്തപുരം: കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വൈദ്യുതി വകുപ്പിൽ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആയിരക്കണക്കിന് കോടി രൂപ നഷ്‌ടത്തിലേയ്‌ക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് വൈദ്യുതി നിരക്ക് വർധനവ് രൂപത്തിൽ സാധാരണക്കാരന്റെ തലയിൽ ബാധ്യത കെട്ടിവയ്‌ക്കാനുള്ള സർക്കാർ ശ്രമം കോൺഗ്രസ് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഈ വർഷത്തെ നഷ്‌ടം മാത്രം 2500 കോടി കടക്കുമെന്ന് അറിയുന്നു. ബോർഡ് ആസ്‌ഥാനത്ത് നിന്നും വിവരങ്ങൾ ചോർത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ ഇതുവരെ പിടിച്ചിട്ടില്ല. വാണിജ്യ രഹസ്യങ്ങൾ വരെ ഇഷ്‌ടക്കാർക്ക് ചോർത്തിക്കൊടുത്ത് വലിയ അഴിമതി നടത്തിയിരിക്കുന്നു. ബോർഡിന് നഷ്‌ടം വരുന്ന സൗര പദ്ധതിയിലടക്കം വലിയ തോതിൽ കമ്മീഷൻ ഇടപാടുകൾ നടന്നതായി സംശയിക്കേണ്ട സാഹചര്യമാണുള്ളത്; സുധാകരൻ ആരോപിക്കുന്നു.
ജനപക്ഷത്ത് ജനങ്ങളുടെ ശബ്‌ദമായി പ്രതിപക്ഷം നിലയുറപ്പിച്ചിട്ടുണ്ട്. കെഎസ്ഇബിയിൽ നടന്ന അഴിമതികളിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കണം. കെഎസ്ഇബിയിൽ കോടികളുടെ ക്രമക്കേട് നടത്തി, ബാധ്യത തീർക്കാൻ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് എതിരെ ശക്‌തമായ പ്രക്ഷോഭം നയിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ പൗരൻമാരെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ വ്യക്‌തമാക്കി.
Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം