തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോൽസവം നാളെ നടക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്നായിരുന്നു ട്രസ്‌റ്റിന്റെ തീരുമാനം.
മുഴുവൻ ഭക്‌തരും വീടുകളിൽ പൊങ്കാല ഇടണമെന്ന് അഭ്യർഥിച്ചു. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പൊങ്കാല അർപ്പിക്കുന്നവരെ തിരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്‌റ്റ് അറിയിക്കുകയായിരുന്നു.
നിലവിൽ കോവിഡ് കുറഞ്ഞ് വരികയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്; ട്രസ്‌റ്റ് വ്യക്‌തമാക്കി.
അതേസമയം പൊങ്കാലക്കുള്ള ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി. നാളെ 10.50നാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചയ്‌ക്ക് 1.20തിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. നേരത്തെ പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല.
Most Read: തിയേറ്ററുകളും ഹോട്ടലുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍