‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം

By Staff Reporter, Malabar News
Copa America 2021 - Final - Brazil vs Argentina
Ajwa Travels

മാരക്കാന: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിപ്പടയെ നിശബ്‌ദരാക്കി, ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്‌ന ‘കോപ്പ’ സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം അര്‍ജന്റീന ഇതാദ്യമായാണ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്.

മൽസരത്തിന്റെ ആദ്യപകുതിയിലാണ് എഞ്ചല്‍ ഡി മരിയ ബ്രസീലിന്റെ ഗോൾവല കുലുക്കിയത്. അതേസമയം സ്വപ്‌ന ഫൈനലില്‍ ശക്‌തമായ സ്‌റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്.

റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയിലും പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും പ്രതിരോധത്തിലും അണിനിരന്നു. ഗോള്‍ബാറിന് കീഴെ എഡേഴ്‌സണും നിലയുറപ്പിച്ചു.

മറുവശത്ത് 4-4-2 ശൈലിയാണ് അർജന്റീനയുടെ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലയണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്‌റ്റ്യൻ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്‌റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോൾവല കാത്തത്.

cop america_argentina

സ്‌റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രം 22ആം മിനിറ്റില്‍ ഫലം കണ്ടു. മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്‌റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്‌ത്‌ വലയിലാക്കിയതോടെ അര്‍ജന്റീന 1-0ന് മുന്നിലെത്തി.

പിന്നീട് ആക്രമണങ്ങള്‍ കൊണ്ട് അര്‍ജന്റീന കളംനിറഞ്ഞു. നെയ്‌മറെ 33ആം മിനിറ്റില്‍ ഫൗള്‍ ചെയ്‌ത പരേഡസ് മഞ്ഞ കാര്‍ഡ് കണ്ടെങ്കിലും ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീ കിക്ക് നെയ്‌മര്‍ക്ക് മുതലാക്കാനായില്ല.

di_maria_goa
അർജന്റീനയുടെ എഞ്ചല്‍ ഡി മരിയ ഗോൾ നേടുന്നു

ഇടവേളയ്‌ക്ക് ശേഷം ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. 53ആം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്‌ളാഗുയര്‍ന്നു. തൊട്ടുപിന്നാലെ റിച്ചാര്‍ലിസണ് മറ്റൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിനസ് രക്ഷകനായി. രണ്ടാംപകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോൾ പിറന്നില്ല. അര്‍ജന്റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്‌തു.

അതേസമയം മൽസരത്തിൽ ബ്രസീൽ 22 ഫൗളുകൾ നടത്തിയപ്പോൾ അർജന്റീന 14 വട്ടം ഫൗൾ ചെയ്‌തു. അർജന്റീനയ്‌ക്ക് 5 മഞ്ഞ കാർഡും ബ്രസീലിന് 4 മഞ്ഞ കാർഡുമാണ് ലഭിച്ചത്. 60 ശതമാനം പൊസിഷനും 13 ഷോട്ടുകളും ഉണ്ടായിട്ടും 2 ഷോട്ടുകൾ മാത്രമേ ബ്രസീലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായുള്ളൂ.

Most Read: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; 5 ഇടത്ത് ഓറഞ്ച് അലർട്; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE