കുമിളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമിളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നത്. ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 196 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ദീപശിഖാ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവടയിലെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ എത്തിച്ചത്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രന് പങ്കെടുക്കുമോ എന്നതില്‍ ആകാംക്ഷയുണ്ട്. സമ്മേളനം പ്രധാനപ്പെട്ടതാണെന്നും പങ്കെടുക്കുമെന്നുമാണ് എസ് രാജേന്ദ്രന്റെ നിലപാട്. പാര്‍ട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയ രാജേന്ദ്രനെതിരെ വിമര്‍ശനങ്ങൾ ഉയരാനാണ് സാധ്യത.
മുന്‍ കാലങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളില്ലാതെ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു പാർട്ടി നേതൃത്വം. എന്നാല്‍ എസ് രാജേന്ദ്രന്റെ വിഷയം അവസാന നിമിഷം കൂടുതല്‍ ശക്തമായി. വിമര്‍ശനങ്ങളും താക്കീതുകളും പലതവണയുണ്ടായിട്ടും എസ് രാജേന്ദ്രന് പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുകയാണ്.
Read Also: പിടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര ഇന്ന്