ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് വിചാരണ ചെയ്യപ്പെട്ട ഓമനകുട്ടന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് സുകൃതിക്ക് കഴിഞ്ഞദിവസം മെറിറ്റില്‍ പ്രവേശനം ലഭിച്ചത്.
കഴിഞ്ഞ പ്രളയകാലത്താണ് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തി എന്ന പേരില്‍ ഓമനക്കുട്ടനെ ക്രൂശിച്ചത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ വന്ന ഓട്ടോക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ഓമനക്കുട്ടന്‍ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി.
ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ പ്രചാരണം വന്നു. മാദ്ധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയതോടെ പോലീസ് ഓമനക്കുട്ടനെതിരെ കേസെടുത്തു. ഇതേതുടര്‍ന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
എന്നാല്‍, ഇദ്ദേഹത്തെ പിന്തുണച്ച് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തി. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ മാപ്പ് പറയുകയും ചെയ്‌തു. ഇത്തവണ കോവിഡ് കാലത്തും സാമൂഹ്യ പ്രവര്‍ത്തനവുമായി ഓമനക്കുട്ടന്‍ നാട്ടില്‍ സജീവമാണ്. ഇതിനിടയിലാണ് അഭിമാനാര്‍ഹമായ നേട്ടം മകള്‍ സ്വന്തമാക്കിയത്.
Read also: കേരളത്തിന് അഭിമാനം; ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത ശക്‌തരായ 12 വനിതകളില്‍ മന്ത്രി ശൈലജയും

































