കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ

By Central Desk, Malabar News
Lord Ganesha in Indonesian Currency
ഇന്തോനേഷ്യൻ കറൻസിയിലെ ഗണപതി
Ajwa Travels

ന്യൂഡെൽഹി: ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള കെജ്‌രിവാളിന്റെ നിർദ്ദേശത്തെ ട്രോളുകളുടെ പൂരവുമായാണ് സോഷ്യൽമീഡിയ നേരിടുന്നത്. ഹൈന്ദവ പുരാണങ്ങളിലെ മഹാവിഷ്‌ണുവിന്റെ പത്നിയായ ലക്ഷ്‌മിദേവിയെയും, ഗണങ്ങളുടെ അധിപനായ ഗണേശനായ ഗണപതിയെയും ഇന്ത്യയുടെ കറൻസി നോട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം.

ഈ ആവശ്യം പരിഗണിക്കാനായി കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും താൻ ആവശ്യപ്പെടുകയാണ് എന്നും ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെജ്‌രിവാൾ ഇന്നുകാലത്ത് ഡൽഹിയിൽ പറഞ്ഞിരുന്നു. വാർത്ത പുറത്തുവന്ന സമയം മുതൽ അടിസ്‌ഥാന ചരിത്ര ബോധവും ശാസ്‌ത്ര ബോധവുമുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗ്‌താക്കൾ ഈ നിർദ്ദേശത്തെ വളഞ്ഞിട്ടു ആക്രമിക്കുന്ന രീതിയാണ് പിന്നീട് കണ്ടത്.

‘വിവര ദോഷി ഉണ്ടായിരുന്ന പ്രതീക്ഷ കളഞ്ഞു കുളിച്ചു. ഇന്ത്യയിലെ ദൈവങ്ങളെ ഉൾപെടുത്താൻ നോട്ടിന്റെ രണ്ടു വശവും പോരാതെ വരും. പിന്നെ കടിപിടി കൂടാൻ വേറൊന്നും വേണ്ടിവരില്ല’ എന്നാണ് ബോസ് എ പണിക്കർ രേഖപ്പെടുത്തുന്നത്.

ഹിന്ദുക്കളിലെ ചരിത്ര ശാസ്‌ത്ര ബോധമില്ലാത്ത ഒരുവിഭാഗത്തിന്റെ മൃദുലവികാരങ്ങളെ സ്വാധീനിച്ച് കുറെ വോട്ട് തട്ടിയെടുക്കാനുള്ള അത്യന്തം നീചവും വിലകുറഞ്ഞതുമായ അടവാണിതെന്ന് മൃദുല ചന്ദ്രശേഖർ കുറിക്കുമ്പോൾ ‘ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തരം പൊട്ടത്തരങ്ങൾ ഏൽക്കും. ചാണകതലകൾക്ക് കാര്യമായ ഇടംകൊടുക്കാത്ത കേരളത്തിൽ ഇതുംപറഞ്ഞു വോട്ടുപിടിക്കാൻ വന്നാൽ കണ്ടംവഴി ഞങ്ങൾ പായിക്കുമെന്നാണ് മൻസൂർ പിലാത്തറ രേഖപ്പെടുത്തിയത്.

indonesia 20000 currency Lord Ganesha
ഇന്തോനേഷ്യൻ കറൻസിയിലെ ഗണപതി

എന്നാൽ സോജൻ സെബാസ്‌റ്റ്യൻ കുറിച്ചത് ‘ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ, ശരിക്കും കേന്ദ്ര സർക്കാറിനെ വെട്ടിലാക്കി’ എന്നാണ്. ‘ഇത്തരം കസർത്തുകൊണ്ടൊന്നും ഒരു ദൈവവും പ്രസാദിക്കില്ല. രാജ്യങ്ങൾ അഭിവൃദ്ധിയിലേക്ക് പോകാത്തത് ദൈവങ്ങളുടെ പടം കറൻസിയിൽ പ്രിന്റ് ചെയ്യാത്തതു കൊണ്ടാണെന്ന കണ്ടുപിടത്തത്തിന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊട്ടത്തരത്തിനുള്ള സമ്മാനം കൊടുക്കേണ്ടതാണ്’ എന്ന് രേഖപ്പെടുത്തിയാണ് ജിനുകൃഷ്‌ണൻ പ്രതികരിച്ചത്.

Indonesia 20000 currency Lord Ganesha _ Arvind Kejriwal
അരവിന്ദ് കെജ്‍രിവാൾ

പുതിയ കറൻസി നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്‌മാ ഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്‌മി ദേവിയെയും ഗണപതിയെയും ഉൾപ്പെടുത്തണമെന്നും ഇത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നുമാണ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണമെന്നും മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യ, അവരുടെ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങൾ സ്വീകരിച്ചു കൂടായെന്നും കെജ്‌രിവാൾ ചോദിച്ചു.

ഇന്തോനേഷ്യ നോട്ടിലെ ഗണപതി!

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള മുസ്‌ലിം രാജ്യവും മൂന്നാമത്തെ വലിയ ജനാധിപത്യ രാഷ്‌ട്രവുമായ ഇന്‍ഡൊനീഷ്യയിൽ ഇസ്‌ലാമിന് പുറമേ ഹിന്ദുമതവും ക്രിസ്‌തുമതവും ബുദ്ധമതവും ഉണ്ടെങ്കിലും 87 ശതമാനത്തോളം മുസ്‌ലിം വിശ്വാസികളാണ്. ഹിന്ദുസമൂഹം 2 ശതമാനത്തിനും താഴെയാണ്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യവുമാണ്‌ ഇന്തോനേഷ്യ.

Indonesia 20000 currency Lord Ganesha _ B.J Habibie
ബിജെ ഹബീബി

ഇവിടത്തെ 20,000 റുപിയുടെ (ഇവിടെ കറന്‍സിയെ രുപിയാ എന്നാണ് അറിയപ്പെടുക) നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുള്ളത്‌. ഇതേ ഭാഗത്തുതന്നെ, ഇന്തോനേഷ്യയുടെ ആദ്യപ്രസിഡണ്ടും ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്ന ‘കി ഹാജര്‍ ദേവന്തര’യുടെ ചിത്രവും ഉണ്ട്. മറുഭാഗത്ത്, കുട്ടികള്‍ പഠിക്കുന്ന ക്ളാസ് മുറിയുടെ ചിത്രമാണുളളത്. ഈ നടപടിയുടെ ചരിത്രപശ്‌ചാത്തലം വ്യക്‌തമല്ല. എന്നാൽ,ജ്‌ഞാനത്തിന്റെയും കലയുടെയും ശാസ്‌ത്രത്തിന്റെയും ദേവന്‍ എന്ന നിലയിലാണ് ഇന്തോനേഷ്യ ഗണപതിയുടെ ചിത്രം അവരുടെ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് കരുതുന്നത്.

indonesia 20000 currency Lord Ganesha_ Religions

ആയിരകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാം മതവിശ്വാസികൾ ഇന്തോനേഷ്യയിൽ വരുന്നതിന് മുൻപ് ഹിന്ദുമതം വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന രാജ്യമായാണ് ചരിത്രക്കാരൻമാർ പറയുന്നത്. ചോള വംശത്തിന് കീഴിലായിരുന്നു ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങള്‍ ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു. ഇവിടെ നിരവധി പുരാതന ക്ഷേത്രങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുമത വിശ്വാസങ്ങളും ഇപ്പോഴും നിലവിലുണ്ട്. ഹിന്ദുമതത്തിന്റെ ചില വശങ്ങൾ ഇന്തോനേഷ്യൻ സംസ്‌കാരത്തെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് ഗണപതിയെ അച്ചടിച്ചുള്ള ഈ കറൻസികൾ എന്നും ചിലർ ചൂണ്ടി കാണിക്കുന്നു.

1970കളിൽ ആരംഭിച്ച ഇന്തോനേഷ്യയുടെ സമ്പദ്‌ഘടനയുടെ തകർച്ചക്ക് പരിഹാരമായി ഏതോ സന്യാസിയുടെ നിർദ്ദേശം അനുസരിച്ച് 1998ലെ പ്രസിഡന്റ് ബിജെ ഹബീബി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യമായി 1998ൽ കറൻസിയിൽ ഗണപതിയെ ചേർത്തതെന്നും ശേഷം ഇവിടത്തെ സമ്പദ്‌വ്യവസ്‌ഥ ശക്‌തമായി എന്നും പറയപ്പെടുന്നുണ്ട്.

Most Read: വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE