തിരുവനന്തപുരം : ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തില്‍ ഇടപെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ ഇറക്കിയ സര്‍ക്കുലര്‍ തിരുത്തി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തു നിന്നും ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രധാനപ്പെട്ട കേസുകളില്‍ മാത്രം ക്രൈംബ്രാഞ്ച് ഡിജിപി യുടെ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മതിയാകും. മറ്റ് കേസുകളില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ക്രൈംബ്രാഞ്ചിനുണ്ട്. ക്രൈംബ്രാഞ്ചിനു ലഭിക്കുന്ന പരാതികളിലും പഴയ രീതിയില്‍ തന്നെ കേസെടുക്കാനുള്ള അധികാരമുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ ഡിജിപിയുടെ അനുമതി വേണമായിരുന്നു. സര്‍ക്കാരോ കോടതിയോ ഉത്തരവ് നല്കിയാല് പോലും ഡിജിപി യുടെ അനുമതിയില്ലാതെ കേസെടുക്കാന്‍ സാധിക്കില്ലെന്ന ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.