തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട് ഡിജിപി എസ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെ ക്ളിഫ് ഹൗസിൽ നിർണായക യോഗം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ്, അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്നിവർ ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. പോലീസ് മേധാവിയും ക്ളിഫ് ഹൗസിലെത്തും. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഓഫീസിൽ ഇന്നലെ രാത്രി എട്ടരയോടെ പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട് എത്തിച്ചത്.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എംആർ അജിത് കുമാറിനെതിരായി ഇന്ന് നടപടി ഉണ്ടാവാനാണ് സാധ്യത. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ എഡിജിപി എംആർ അജിത് കുമാർ നൽകിയ വിശദീകരണം തള്ളിയാണ് ഡിജിപി ദർവേഷ് സാഹിബ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎ ആരോപണമുന്നയിച്ച മാമി തിരോധാനം, റിദാൻ കൊലപാതകം എന്നിവയിൽ അന്വേഷണത്തിൽ വീഴ്‌ചയുണ്ടായെന്നും കണ്ടെത്തലുണ്ട്.
കേരളത്തിൽ പ്രധാന ആർഎസ്എസ് നേതാക്കൾ വരുമ്പോൾ താൻ കാണാറുണ്ടെന്നായിരുന്നു അജിത് കുമാർ മുൻപ് നൽകിയ വിശദീകരണം. അജിത്തിന്റെ പ്രവൃത്തി പോലീസ് ഉദ്യോഗസ്‌ഥന് ചേർന്നതല്ലെന്ന അഭിപ്രായം റിപ്പോർട്ടിൽ ഡിജിപി ചേർത്തിട്ടുണ്ടെന്നാണ് വിവരം. തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ചും അജിത് കുമാറിനെതിരെ റിപ്പോർട്ടിൽ പ്രതികൂല പരാമർശമുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!