കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സമൻസ് നേരിട്ട് കൈമാറാനാണ് ഇഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിലെത്തിയത്.
എന്നാൽ, പിണറായി വിജയൻ വീട്ടിലില്ലാത്തതിനാൽ സമൻസ് ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇഡി ഓഫീസിൽ ഹാജരാവണമെന്നാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്. മുൻമന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള നേതാക്കൾ ഈസമയം പിണറായിയുടെ വീട്ടിലുണ്ടായിരുന്നു. പിണറായി കണ്ണൂരിലാണ് ഉള്ളതെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിനിടയിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയായ കാര്യമല്ല. ഈ നടപടി അന്യായവും ജനാധിപത്യ വിരുദ്ധവുമായ കാര്യമാണ്. പിണറായി വിജയൻ കണ്ടുകിട്ടാത്ത ആളെപ്പോലെയാണ് ഇഡിയുടെ നടപടിയെന്നും ശിവൻകുട്ടി വിമർശിച്ചു.
രാവിലെ ഒരുതവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. രണ്ടാമത് വീണ്ടുമെത്തി. മൂന്നാമത് എത്തിയപ്പോഴാണ് നിർബന്ധപൂർവം ഭിത്തിയിൽ സമൻസ് ഒട്ടിച്ചത്. മൂന്ന് പോലീസുകാരാണ് ഇതിന് സാക്ഷിയായി നിന്നത്. സർക്കാരും ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് മനസിലാവുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, ചോദ്യം കണക്കിലെടുത്ത് 23ന് കൊച്ചി ഇഡി ഓഫീസിന്റെ സുരക്ഷ കൂട്ടാൻ സിഐഎസ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പിണറായി വിജയന് പുറമെ മകൾ ടി വീണയടക്കം ഏഴുപേർ പ്രതിപ്പട്ടികയിൽ ഉണ്ടെങ്കിലും പിണറായിക്ക് മാത്രമാണ് സമൻസ് നൽകിയത്.
കേസിൽ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.
വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഉപഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇഡി കൂടി നോട്ടീസ് നൽകിയതോടെ ഒരേസമയം കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടി വരും.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ സിഎംആർഎൽ നൽകിയെന്നാണ് ഇഡി റിപ്പോർട്. ഐടി ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടൻസി എന്ന നിലയിൽ ഇതേ കാലയളവിൽ വീണയ്ക്കും പ്രതിഫലം നൽകി.
എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡി കണ്ടെത്തിയത്. ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































