തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിജിലൻസ് എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കും. ഒരു കാലതാമസവും കൂടാതെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല. സർക്കാർ ഇക്കാര്യത്തിൽ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പിണറായി വിജയനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിൻമേൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ, അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇഡി റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറായിരുന്നു തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്നും വിഷയത്തിൽ സർക്കാരിന്റെ നിലവിലുള്ള നടപടികൾ ഹൈക്കോടതി പൂർണമായും തള്ളിക്കളയുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെഎം ഷാജഹാൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഇഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നായിരുന്നു ഹരജി.
സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസിന് ഇഡി റിപ്പോർട് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ഇഡി ശുപാർശ ചെയ്തിരുന്നു.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാതെ ഡിജിപി ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്താണ് ഹരജി. ഇഡിയുടെ കത്തിൽ കേസെടുക്കുന്നതിൽ സർക്കാർ തുടക്കം മുതലേ വിമുഖത കാണിച്ചിരുന്നു. ഇഡി റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളുടെയും ആഭ്യന്തര മന്ത്രി അടക്കമുള്ളവരുടെയും പേരുകൾ പരാമർശിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിമുഖതയെന്നായിരുന്നു ആക്ഷേപം.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































