തിരുവനന്തപുരം: സിനിമ സംവിധായകനും ബിജെപി സംസ്‌ഥാന സമിതി അംഗവുമായ രാജസേനൻ പാർട്ടി വിടുന്നു. ബിജെപി വിട്ടു സിപിഎമ്മിലേക്ക് ചേരുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ ചർച്ച നടത്തി. ഇന്ന് തന്നെ രാജസേനന്റെ സിപിഎം പ്രവേശനമുണ്ടാകും. ബിജെപിയുമായി ആശയപരമായി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നെന്ന് രാജസേനൻ വ്യക്‌തമാക്കി.
ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററിൽ എംവി ഗോവിന്ദനുമായി നടത്തിയ ചർച്ചക്ക് ശേഷം രാജസേനൻ പ്രതികരിച്ചു. രാഷ്‌ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ പറഞ്ഞു.
ബിജെപിയുടെ സംസ്‌ഥാന ഘടകത്തിൽ ഏറെ പോരായ്‌മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും താനിപ്പോൾ സിപിഎം ആണെന്നും രാജസേനൻ അറിയിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
Most Read: ‘ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം’; അനുശോചിച്ച് മുഖ്യമന്ത്രി