തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും, ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
അതേസമയം, ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 43 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാർ ബൈവീക്കിലി സൂപ്പർ ഫാസ്‌റ്റ് റദ്ദാക്കി. വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി- ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്‌റ്റ് വഴി തിരിച്ചുവിടും.
ആന്ധ്രായിലെ വിജയനഗരത്തിനും ഘോരഖ്‌പൂറിനും ഇടയിലാണ് റൂട്ട് മാറുന്നത്. അതേസമയം, അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. പരിക്കേറ്റവരുടെ എണ്ണം 1000 പിന്നിട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്‌ജീകരണം ഏർപ്പെടുത്തിയതായും റെയിൽവേ മന്ത്രി വ്യക്‌തമാക്കി.
Related News: ശ്രദ്ധ രക്ഷാ പ്രവർത്തനത്തിൽ; ഉന്നതതല അന്വേഷണം നടക്കും- റെയിൽവേ മന്ത്രി