മസ്ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്രാ വിലക്ക് അവസാനിച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കിയത്. രാത്രി യാത്രക്കുള്ള വിലക്ക് അവസാനിപ്പിച്ചെങ്കിലും ബീച്ചുകളില്‍ ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടില്ല. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ പ്രവേശന വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സഞ്ചാര വിലക്ക് ഏര്പ്പെടുത്തിരുന്നതിനാല് ഇതുവരെ രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസുകള്‍ ഇന്ന് മുതൽ പുനഃരാരംഭിക്കും. മുവാസലാത്ത് ബസുകള്‍ ശനിയാഴ്ച മുതല്‍ രാജ്യത്ത് സാധാരണ നിലയില്‍ സര്‍വീസ് നടത്തും. ഒപ്പം തന്നെ മസ്ക്കറ്റ്-സലാല സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിപ്പ് നല്കി. കൂടാതെ മസ്ക്കറ്റ് സിറ്റി സര്‍വീസുകള്‍, ഇന്റര്‍സിറ്റി സര്‍വീസുകള്‍ എന്നിവയും ഇന്ന് മുതല്‍ സര്‍വീസ് നടത്തും. എന്നാല്‍ റെഗുലര്‍ ഫെറി സര്‍വീസുകള്‍ ഞായറാഴ്ച മുതലാണ് സര്‍വീസ് പുനഃരാരംഭിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കി.
Read also : ഐ എല്‍ ഒ അധ്യക്ഷസ്ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം