ദുബായ്: കോവിഡ് കാലത്തെ ഇളവുകളുടെ തുടർച്ചയുമായി ദുബായ് ഭരണകൂടം രംഗത്ത്. ഇന്ധന സർച്ചാർജ് കുറക്കാൻ എമിറേറ്റ്സ് സുപ്രീം കൗൺസിൽ ഓഫ് എനർജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കുകളിൽ കൂടുതൽ ഇളവുകളുണ്ടാവും.
തീരുമാനം ഡിസംബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽ മക്‌തൂമാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ വൈദ്യുതി നിരക്കുകളിൽ ഭരണകൂടം ഇളവുകൾ നൽകിയിരുന്നു.
വൈദ്യുതി സർച്ചാർജ് മണിക്കൂറിൽ കിലോവാട്ടിന് 6.5 ഫിൽസ് എന്നത് 5 ഫിൽസായി കുറയും. വെള്ളത്തിന്റെ സർച്ചാർജ് ഇംപീരിയൽ ഗാലന് 0.6ൽ നിന്നും 0.4 ആയി കുറയും. യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയും ആയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ നിർദേശ പ്രകാരമാണ് നടപടി.
സൗരോർജ ഉൽപാദനം വർധിച്ച സാഹചര്യത്തിൽ ഇന്ധന ഉപയോഗത്തിൽ നേടിയ ലാഭമാണ് ഉപഭോക്‌താകൾക്ക് കൈമാറുന്നത്. തീരുമാനം നടപ്പിലാവുന്നതോടെ ദുബായിലെ ജീവിതനിലവാരം ഉയരുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.
Read Also: ഖത്തറിൽ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്പ്