ദോഹ: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഞായറാഴ്‌ച എംബസിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഇന്ത്യൻ എംബസി വെബ്സൈറ്റ് മുഖേന വ്യക്‌തികൾക്ക് അപ്പോയിൻമെന്റ് എടുക്കാനും സേവനങ്ങൾ തേടാനുമുള്ള സൗകര്യമുണ്ട്. ഇത് കൂടാതെ അടിയന്തര സേവനങ്ങൾക്കുള്ള പ്രത്യേക സൗകര്യവും ഉണ്ട്. ഇവക്ക് പുറമെയാണ് മൊബൈൽ ആപ്ളിക്കേഷൻ കൊണ്ടുവരുന്നത്.
ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. എംബസിയുടെ സേവനങ്ങൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ തേടിയെത്തുന്ന തരത്തിൽ കോൺസുലാർ ക്യാമ്പുകൾ നടത്തുമെന്നും ദീപക് മിത്തൽ പറഞ്ഞു.
വ്യാപാര മേഖലയിൽ മുഖ്യ പങ്കാളിയായ ഖത്തറുമായി കൂടുതൽ മേഖലകളിൽ സഹകരണം ശക്‌തിപ്പെടുത്തുകയാണ് ഇന്ത്യ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഖത്തർ അംബാസഡറായി ദീപക് മിത്തൽ ചുമതലയേറ്റത്. ഇതിന് ശേഷം, ഖത്തർ ഭരണാധികാരികളും മറ്റ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നും വിവിധ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ശക്‌തിപ്പെടുത്താൻ അവർക്ക് താൽപര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Entertainment News: ആരാധക സംഘടനയുടെ പൂർണ നിയന്ത്രണം ലക്ഷ്യം; യൂട്യൂബ് ചാനൽ തുടങ്ങാൻ വിജയ്