ചെന്നൈ: രാഷ്‌ട്രീയ പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട് പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ആരാധക സംഘടനയുടെ പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങി നടൻ വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
വിജയ്‌യുടെ പ്രസ്‌താവനകളും അറിയിപ്പുകളും ആരാധകരോടുള്ള നിർദേശങ്ങളുമെല്ലാം ഈ ചാനലിലൂടെ പുറത്തുവിടുമെന്ന് ആരാധക സംഘടനയുടെ ചുമതല വഹിക്കുന്ന എൻ ആനന്ദ് അറിയിച്ചു.
ആരാധക സംഘടനയെ രാഷ്‌ട്രീയ പാർട്ടിയാക്കി മാറ്റാനായിരുന്നു ചന്ദ്രശേഖറിന്റെ ശ്രമം. വിജയ് പരസ്യമായി ഇതിനെ എതിർത്തതോടെ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടികൾ നിർത്തി വെച്ചിരിക്കുകയാണ്. പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധക സംഘടനയിൽ നിന്നും ഒഴിവാക്കാൻ വിജയ് നടപടി സ്വീകരിച്ചിരുന്നു.
യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്‌ച വിഴുപുരത്ത് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി എൻ ആനന്ദ് ചർച്ച നടത്തി. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.