മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് വെള്ളം കുടിക്കാന്‍ സ്ട്രോയും കപ്പും നല്‍കുന്നില്ലെന്ന ആരോപണം ജയിലധികൃതര്‍ നിഷേധിച്ചു. അറസ്‌റ്റിലായ പിറ്റേ ദിവസം മുതല്‍ സ്വാമിക്ക് കപ്പും സ്ട്രോയും നല്‍കി വരുന്നുണ്ടെന്നും ആരോപണം അടിസ്‌ഥാന രഹിതമാണെന്നും നവിമുംബൈയിലെ തലോജ ജയിലധികൃതര്‍ വ്യക്‌തമാക്കി.
കപ്പും സ്ട്രോയും കൂടാതെ വീല്‍ചെയര്‍, വാക്കിംഗ് സ്‌റ്റിക്ക്, വാക്കര്‍ തുടങ്ങിയവയും രണ്ട് സഹായികളെയും അനുവദിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
83കാരനായ അദ്ദേഹം പാര്‍ക്കിന്‍സണ്‍ രോഗിയാണെന്ന് അറിയാമെന്നും അങ്ങനെയൊരാള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ എന്തിനാണ് തങ്ങള്‍ നിഷേധിക്കുന്നതെന്നുമാണ് ജയില്‍ അധികൃതരുടെ വാദം.
അതിനിടയില്‍, ഡെല്‍ഹിയിലെ ചില അഭിഭാഷകര്‍ കപ്പും സ്ട്രോയുമടങ്ങിയ പാര്‍സലും കത്തും ജയിലിലേക്ക് അയച്ചുകൊടുത്തു. പ്രത്യേക പരിഗണന അവശ്യമുള്ളവരുടെ കാര്യത്തില്‍ ജയില്‍ ചട്ടത്തിലെ വ്യവസ്‌ഥകള്‍ ലംഘിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്നവര്‍ക്ക് വെള്ളം കുടിക്കാന്‍ പോലും അവകാശമില്ലെന്നാണ് ചിലരുടെ വിചാരമെന്നും അഭിഭാഷക നന്ദിത റാവു പറഞ്ഞു.
ജസ്യൂട്ട് ക്രിസ്‌ത്യന്‍ സഭയിലെ പുരോഹിതനാണ് തമിഴ്നാട്ടുകാരനായ സ്‌റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡിലെ അവികസിത മേഖലകളിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ 83കാരനെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിനാണ് ഭീമാ കൊറേഗാവ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്.
Read also: മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്