തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാളെ മുതൽ സംസ്‌ഥാനത്ത് മഴ കുറഞ്ഞേക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തെക്കൻ ജില്ലകളിലാണ് നിലവിൽ കനത്ത മഴ തുടരുന്നത്. ഇവിടങ്ങളിൽ 7000ത്തോളം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലാണ് ഇപ്പോൾ കഴിയുന്നത്. കൊല്ലം ജില്ലയിൽ മൂവായിരത്തോളം പേരും, ആലപ്പുഴ ജില്ലയിൽ 1,376 പേരും പത്തനംതിട്ട ജില്ലയിൽ 2,410 പേരും കോട്ടയം ജില്ലയിൽ 200 പേരും ക്യാംപുകളിൽ കഴിയുന്നുണ്ട്. മഴക്കെടുതിയെ തുടർന്ന് ഇന്നലെ 2 പേർ കൂടെ മരിച്ചതോടെ സംസ്‌ഥാനത്ത് കഴിഞ്ഞ 2 ദിവസമായി രേഖപ്പെടുത്തിയ മരണം 6 ആയി ഉയർന്നിട്ടുണ്ട്.
ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന ഉണ്ടായി. നിലവിൽ 2,399.16 അടി ജലമാണ് ഇടുക്കി ഡാമിലുള്ളത്. ഒരു ഷട്ടറിലൂടെ വെള്ളം പുറത്തേക്ക് തുറന്നു വിടുന്നുമുണ്ട്. ബാക്കിയുള്ള ഷട്ടറുകൾ ഇപ്പോൾ തുറക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. കൂടാതെ മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140.40 അടിയായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 2,300 ഘനയടിയായി ഉയർത്തിയിട്ടുണ്ട്.
Read also: രാജ്യത്ത് ‘ഇ-ശ്രം’ രജിസ്ട്രേഷൻ ഊര്‍ജിതം; പദ്ധതി അസംഘടിത മേഖലക്ക് കരുത്താകും