പാലക്കാട്: കൂനംപാലം മേൽപാടിയിലെ കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. ഇരയെ പിന്തുടർന്നതോടെ സമീപത്തുള്ള മൺതിട്ടയിലിടിച്ചു കിണറ്റിൽ വീണതാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
അതേസമയം, കടുവയുടെ ജഡം പോസ്‌റ്റുമോർട്ടം ചെയ്‌തു. ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനക്കായി കാക്കനാടുള്ള റീജനൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് അയച്ചു. തിങ്കളാഴ്‌ചയാണ് മൂന്ന് വയസ് പ്രായമുള്ള പെൺകടുവ ചത്ത നിലയിൽ കാണപ്പെട്ടത്. പാടിയിലേക്കു കിണറ്റില്‍ നിന്നു വെള്ളം പമ്പ് ചെയ്യാനെത്തിയവരാണ് ജഡം കണ്ടത്.
ജഡത്തിന് മൂന്നു ദിവസം പഴക്കം ഉണ്ടായിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ പ്രതിനിധി എൽ നമശിവായം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധി ഗവ. വിക്‌ടോറിയ കോളേജ് ജന്തുശാസ്‌ത്ര വിഭാഗം മേധാവി ഡോ. ശ്രീരഞ്‌ജിത്കുമാർ, തൃശൂർ അസിസ്‌റ്റന്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. ടിആർ അരുൺ, ഡിഎഫ്ഒ സിപി അനീഷ്, എന്നിവരുടെ നേതൃത്വത്തിലും ജില്ലാ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ആർ ശിവപ്രസാദ്, നെല്ലിയാമ്പതി ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ പി സുരേഷ്, നെല്ലിയാമ്പതി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെആർ കൃഷ്‌ണദാസ് എന്നിവരുടെ സാന്നിധ്യത്തിലും ആയിരുന്നു പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചത്.
Most Read: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്