കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര നഗരസഭയിലെ പള്ളിത്താഴം കൊയ്‌ത്തല പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ നെൽകൃഷിയിൽ നടത്തിയ പരീക്ഷണം വിജയം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കൊയ്‌ത്തുൽസവം നടന്നത്.
കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച യുവകൂട്ടായ്‌മയായ ‘ഇലവ് ചുള്ളിപ്പറമ്പ്’ കഴിഞ്ഞ വർഷം എഴുപത് സെന്റ് നെൽവയൽ വില കൊടുത്തു വാങ്ങിയിരുന്നു. ഇതിലാണ് നാലുമാസം മുൻപ് വിത്തിറക്കിയത്. ആദ്യ പരീക്ഷണമായത് കൊണ്ടുള്ള ചില കുറവുകൾ മാറ്റിനിറുത്തിയാൽ വൻവിജയമാണ് ഈ നെൽകൃഷി സംരംഭമെന്ന് കൂട്ടായ്‌മ പറയുന്നു.
മറ്റുപല വ്യവസായങ്ങളിലും സാമ്പത്തിക ലാഭം കൂടുതൽ ഉണ്ടായേക്കും. ‘പണലാഭം’ മാത്രംനോക്കി ഓരോരുത്തരും ജീവിച്ചാൽ കാർഷിക മേഖല ഇനിയും തകരും. അവസാനം രാജ്യം ദാരിദ്ര്യത്തിലേക്ക് കടക്കും. അതാണ് സംഭവിക്കുക. അതുകൊണ്ട് ഞങ്ങൾക്കിത് ‘പണലാഭം’ എന്നതിനപ്പുറം മറ്റുപലതുമാണ്; കൂട്ടായ്‌മയിലുള്ള സംരംഭകനും കോൺസെപ്റ്റ് ഗ്ളാസ് ഉടമയുമായ സുരേഷ് പറയുന്നു.
പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ‘കാഞ്ചന’ എന്ന നെൽവിത്താണ് വിതച്ചിരുന്നത്. എഴുപത് പറ നെല്ല് കന്നിവിളവെടുപ്പിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ; സംഘാടകർ പറഞ്ഞു. രാമനാട്ടുകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ ഫൈസല്‍ അധ്യക്ഷനായ ‘കൊയ്‌ത്തുൽസവം’ കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദാണ് ഉൽഘാടനം ചെയ്‌തത്.
രാമനാട്ടുകര നഗരസഭയുടെ കൺവീനർമാരായ എംകെ ഗീത, ഫൈസൽ കെ, ഹസീന കെ, നിർമൽ പിടി, സഖാവ് മാനുക്കുട്ടൻ, കെ പ്രകാശന്‍, സുധീഷ് കുമാര്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പിടി അജേഷ് സ്വാഗതവും ഡെനീഷ് നന്ദിയും പറഞ്ഞു. അജേഷ് കെടി, പൃഥ്വിരാജ്, എം ഡെനീഷ് എന്നിവര്‍ കന്നിവിളവെടുപ്പിന് നേതൃത്വം നല്‍കി.
Most Read: ദുരൂഹത നീങ്ങാതെ മിഷേൽ ഷാജിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമഹരജി