ന്യൂഡെൽഹി: വളർത്തുനായയെ നടത്തിക്കാൻ സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോപണവിധേയരായ ഡെൽഹി സര്‍ക്കാരിലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്‌ജീവ് ഖീര്‍വറിനെയും ഭാര്യയും ഐഎഎസ് ഓഫിസറുമായ റിങ്കു ദുഗ്ഗയെയുമാണ് സ്‌ഥലം മാറ്റിയത്.
ഡെൽഹി സര്‍ക്കാരിന് കീഴിലുള്ള ത്യാഗരാജ് സ്‌റ്റേഡിയത്തിൽ ഐഎഎസ് ദമ്പതികള്‍ക്ക് നായക്കൊപ്പം നടക്കാനിറങ്ങാനായി കായിക പരിശീലനം നിർത്തിവെപ്പിച്ചു എന്നാണ് ആരോപണം. സഞ്‌ജീവ് ഖീര്‍വറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്‌ഥലം മാറ്റി കേന്ദ്രം ഉത്തരവിട്ടത്.
സഞ്‌ജീവ് ഖീര്‍വറിനെതിരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ഉൾപ്പടെ നിരവധിപേർ വിമർശനം ഉയർത്തിയിരുന്നു. മുമ്പ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടര വരെ പരിശീലനം നടത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഏഴ് മണിയോടെ സ്‌റ്റേഡിയം വിടാന്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നും അത്‌ലറ്റുകൾ ആരോപിച്ചിരുന്നു.
ഐഎഎസ് ഓഫിസർക്കും അദ്ദേഹത്തിന്റെ നായക്കും നടക്കാന്‍ വേണ്ടിയാണിതെന്നും ഇതോടെ തങ്ങളുടെ പരിശീലനം തടസപ്പെടുന്നുവെന്നും അത്‌ലറ്റുകൾ ആരോപിച്ചിരുന്നു. ഐഎസ്എസ് ഓഫിസറുടെ നടത്തം കുട്ടികളുടെ പരിശീലനത്തെ ബാധിക്കുന്നതായി മാതാപിതാക്കളും പറഞ്ഞിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്‌ജീവ് ഖീര്‍വര്‍ നിഷേധിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ നായയെ കൊണ്ട് സ്‌റ്റേഡിയത്തില്‍ പോകാറുണ്ടെന്ന് സമ്മതിച്ചെങ്കിലും അത്‌ലറ്റുകളുടെ പരിശീലനം തടസപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഖീര്‍വറുടെ വാദം. നായയെ ട്രാക്കില്‍ സ്വതന്ത്രനായി വിടാറില്ലെന്നും അത്‌ലറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ചെയ്‌താല്‍ തിരുത്താന്‍ തയ്യാറാണെന്നും സഞ്‌ജീവ് ഖീര്‍വര്‍ വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍ ഐഎഎസ് ഓഫിസറുടെ വാദങ്ങളെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ചത്. ഒരാഴ്‌ചക്കിടെ മൂന്ന് തവണ മൈതാനം സന്ദര്‍ശിച്ചപ്പോള്‍ വൈകിട്ട് ആറരയോടെ സ്‌റ്റേഡിയത്തില്‍ നിന്ന് സെക്യൂരിറ്റികള്‍ അത്‌ലറ്റുകളെയും പരിശീലകരെയും ഒഴിപ്പിക്കുന്നത് കാണാനായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി ഏഴരക്ക് ശേഷം സഞ്‌ജീവ് ഖീര്‍വര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിന്റെയും നായ ട്രാക്കിലൂടെയും ഫുട്ബോള്‍ മൈതാനത്തിലൂടെയും ഓടുന്നതിന്റെയും ചിത്രങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് പുറത്തുവിട്ടിരുന്നു. ഈസമയം സ്‌റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കാഴ്‌ചക്കാരായി നോക്കി നില്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സ്‌റ്റേഡിയങ്ങൾ 10 മണി വരെ തുറന്നു നൽകണമെന്ന് ഡെൽഹി മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും ത്യാഗരാജ് സ്‌റ്റേഡിയം ഇന്നലെയും ഏഴ് മണിയോടെ ഒഴിഞ്ഞു.
Most Read: കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി